ബഹ്‌റൈനിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് കർശന നിയന്ത്രണം
പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനുമായി ബഹ്‌റൈൻ വാണിജ്യ-വ്യവസായ മന്ത്രാലയം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് കർശന നിയന്ത്രണം പ്രഖ്യാപിച്ചു. 57 മൈക്രോണിൽ താഴെ കനമുള്ള എല്ലാ പ്ലാസ്റ്റിക് ബാഗുകളുടെ നിർമ്മാണം, ഇറക്കുമതി, വിതരണം എന്നിവ പൂർണ്ണമായും നിരോധിക്കുന്നതാണ് പുതിയ ഉത്തരവ്. പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും ഉപയോഗിക്കുന്ന കനം കുറഞ്ഞ ബാഗുകൾ എന്നിവയുടെ നിർമ്മാണവും ഇറക്കുമതിയും വിതരണവും ഇനി അനുവദിക്കില്ല. പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും സുസ്ഥിരമായ പാക്കേജിംഗ് രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യം.ഇതിനുപകരമായി 57 മൈക്രോണിന് മുകളിലുള്ള പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ ബാഗുകൾ, തുണി സഞ്ചികൾ, കൂടാതെ മണ്ണിൽ ലയിക്കുന്ന ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവ ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
അതേസമയം, മെഡിക്കൽ മാലിന്യ നിർമാർജനത്തിനുള്ള ബാഗുകൾ, ആശുപത്രി ആവശ്യങ്ങൾ, പ്രത്യേക ഭക്ഷ്യ-മരുന്ന് പാക്കേജിംഗ്, കയറ്റുമതി ആവശ്യങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.നിലവിലുള്ള സ്റ്റോക്കുകൾ തീർക്കുന്നതിനും പുതിയ മാനദണ്ഡങ്ങളിലേക്ക് മാറുന്നതിനും വ്യാപാരികൾക്ക് ഇടക്കാല സാവകാശം അനുവദിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറാൻ വ്യാപാരികളും ഉപഭോക്താക്കളും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.