സൗദിയിൽ ബാർബർ ഷോപ്പുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ; പുതിയ മാർഗ്ഗനിർദേശങ്ങളുമായി മുനിസിപ്പൽ മന്ത്രാലയം
സൗദി അറേബ്യയിൽ ബാർബർ ഷോപ്പുകളുടെ പ്രവർത്തനത്തിന് കർശനമായ പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് മുനിസിപ്പൽ മന്ത്രാലയം. രാജ്യത്തെ സലൂണുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. സ്ഥാപനങ്ങളും ജീവനക്കാരും ഉപയോഗിക്കുന്ന സാമഗ്രികളും മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം ബിസിനസ്സ് അന്തരീക്ഷം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കാൻ പുതിയ നിബന്ധനകൾ സഹായിക്കും. സ്ഥാപനത്തിന് പുറത്ത് പോയി സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ 'ബലാദി' (Balady) പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി പ്രത്യേക അനുമതി നേടിയിരിക്കണം.
വീണ്ടും ഉപയോഗിക്കാവുന്ന എല്ലാ ഉപകരണങ്ങളും ഓരോ ഉപഭോക്താവിനും ശേഷം കൃത്യമായി അണുവിമുക്തമാക്കണം. ഡിസ്‌പോസിബിൾ ഉപകരണങ്ങൾ ഒരു തവണത്തെ ഉപയോഗത്തിന് ശേഷം സുരക്ഷിതമായി ഒഴിവാക്കണം. കൂടാതെ, ജീവനക്കാർ സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതണമെന്നും വ്യക്തിശുചിത്വവും സ്ഥാപനത്തിന്റെ പൊതു ശുചിത്വവും ഉറപ്പാക്കണമെന്നും മന്ത്രാലയം കർശന നിർദേശം നൽകി.