ദേശീയദിന പ്രമോഷനുകൾക്ക് കർശന നിയന്ത്രണങ്ങൾ; വാണിജ്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ
ഒമാൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങളിലും പരസ്യങ്ങളിലും പ്രമോഷൻ പരിപാടികളിലും പാലിക്കേണ്ട കർശന നിയമങ്ങൾ ഓർമ്മിപ്പിച്ച് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. എല്ലാ വാണിജ്യ ഉൽപ്പന്നങ്ങൾ, പരിപാടികൾ, പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയിൽ ഔദ്യോഗികമായി 'ദേശീയദിനം' എന്ന പേര് തന്നെ കൃത്യമായി ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
റോയൽ ഡിക്രി 15/2025 പ്രകാരമാണ് മന്ത്രാലയം ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രമോഷനുകൾക്കോ പരസ്യങ്ങൾക്കോ വേണ്ടി രാജകീയ ചിഹ്നം, രാജകൊട്ടാരങ്ങളുടെയും രാജകീയ പള്ളികളുടെയും ചിത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം, സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രം, രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം, ദേശീയ പതാക, ഒമാന്റെ ഭൂപടം എന്നിവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയും ലൈസൻസും നിർബന്ധമായും നേടിയിരിക്കണം. ഇതിനുപുറമെ, ഒമാന്റെ ഭൂപടം ഉപയോഗിക്കുന്നതിന് നാഷണൽ സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റിയുടെ പ്രത്യേക അനുമതിയും ആവശ്യമാണ്.
ദേശീയ ചിഹ്നങ്ങളുടെയും പദവികളുടെയും അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.