ഒമാനിൽ വിറക് കൈവശം വെക്കാൻ കർശന നിയന്ത്രണം; നിയമലംഘകർക്കെതിരെ കർശന നടപടി
അനധികൃതമായി മരങ്ങൾ മുറിക്കുന്നതും അനുമതിയില്ലാതെ വിറക് കൈവശം വെക്കുന്നതും തടയാൻ കർശന നിയന്ത്രണങ്ങളുമായി ഒമാൻ പരിസ്ഥിതി മന്ത്രാലയം. നിയമലംഘനം നടത്തിയാൽ വിറക് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങൾക്കാണ് മന്ത്രാലയം ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.
രാജ്യത്തെ നിയമപ്രകാരം മരം മുറിക്കുന്നതിനും കരി നിർമാണത്തിനും പ്രത്യേക പെർമിറ്റുകൾ നിർബന്ധമാണ്. വ്യക്തിഗത ആവശ്യങ്ങൾ, പ്രൊഫഷണൽ ആവശ്യങ്ങൾ, വിറകും കരിയും വിൽക്കൽ, കടത്തൽ എന്നിവയ്ക്കെല്ലാം നിശ്ചിത മാനദണ്ഡങ്ങൾക്കും ഫീസിനും വിധേയമായി വെവ്വേറെ പെർമിറ്റുകൾ എടുക്കണം. പെർമിറ്റില്ലാതെ വിറക് ശേഖരിക്കുകയോ വിൽക്കുകയോ ചെയ്യുന്നതും, അനുമതിയുള്ളതിൽ കൂടുതൽ സൂക്ഷിക്കുന്നതും, വിറകിന്റെ നിയമപരമായ ഉറവിടം തെളിയിക്കാൻ സാധിക്കാത്തതും നിയമലംഘനമായി കണക്കാക്കും.
പിടിച്ചെടുക്കുന്ന വിറകും കരിയും അതിനായി ഉപയോഗിച്ച ഉപകരണങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്തി നിയമനടപടികൾക്ക് വിധേയമാക്കും. ഇവ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആർക്കും അനുമതിയുണ്ടാകില്ല. നിയമത്തിലെ ആർട്ടിക്കിൾ 10 അനുസരിച്ച് പിടിച്ചെടുത്ത വസ്തുക്കൾ ലേലം ചെയ്യാനോ മറ്റ് നിയമപരമായ രീതിയിൽ കൈകാര്യം ചെയ്യാനോ അതോറിറ്റിക്ക് അധികാരമുണ്ടാകും.