ഷാർജയിൽ ഡ്രോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണം
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ഷാർജയിൽ ഡ്രോണുകളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ അംഗീകാരം നൽകി. കൗൺസിൽ ചെയർപേഴ്സൺ ഹലീമ ഹുമൈദ് അൽ ഉവൈസിയുടെ അധ്യക്ഷതയിൽ ചേർന്ന പതിനാറാമത് യോഗത്തിലാണ് നിർണായക തീരുമാനം കൈകൊണ്ടത്.
ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും സിവിൽ വ്യോമയാന അതോറിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഇസാം ബിൻ സഖർ അൽ ഖാസിമി, സിവിൽ വ്യോമയാന അതോറിറ്റി ഡയറക്ടർ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല ആൽതാനി, നിയമ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എല്ലാ തരത്തിലുള്ള ഡ്രോണുകളെയും നിയന്ത്രണ പരിധിയിൽ കൊണ്ടുവരുന്നതാണ് പുതിയ നിയമമെന്ന് ശൈഖ് ഖാലിദ് ബിൻ ഇസാം ബിൻ സഖർ അൽ ഖാസിമി വ്യക്തമാക്കി.
ഷാർജയുടെ സമഗ്ര വികസന കാഴ്ചപ്പാടിൽ നിയമനിർമാണത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതികവിദ്യ അതിവേഗം വളരുന്ന സാഹചര്യത്തിൽ വ്യക്തവും കർശനവുമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഡ്രോൺ സാങ്കേതികവിദ്യയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം വ്യോമയാന സുരക്ഷ ഉറപ്പാക്കണമെന്നും ചർച്ചയിൽ ആവശ്യപ്പെട്ടു.ഡ്രോണുകളുടെ രജിസ്‌ട്രേഷൻ, തരംതിരിക്കൽ, പ്രവർത്തനാനുമതികൾ, പ്രത്യേക പറക്കൽ മേഖലകൾ, ഉയരപരിധി, ഹെലിപാഡ് ഉപയോഗം, അനുമതിയുള്ള വ്യോമമേഖലകൾ, ഡ്രോൺ നിയന്ത്രിക്കുന്നവർ പാലിക്കേണ്ട ചട്ടങ്ങൾ എന്നിവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും.