രാജ്യങ്ങളെയും നേതാക്കളെയും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ ശക്തമായ നടപടിയുണ്ടാകും; ഒമാൻ

 

മറ്റ് രാജ്യങ്ങളെയും അവരുടെ ഭരണാധികാരികളെയും ജനങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഒമാനും മറ്റ് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന പ്രചാരണങ്ങൾക്കെതിരെയാണ് അധികൃതർ കടുത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

സമൂഹമാധ്യമ ഉപയോക്താക്കൾ പരമാവധി ജാഗ്രത പുലർത്തണമെന്നും തങ്ങളുടെ അഭിപ്രായപ്രകടനങ്ങൾ ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാക്കുകളിലും പ്രവൃത്തികളിലും സംയമനം പാലിക്കാനും രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ നിർദ്ദേശിച്ചു. നിയമവിരുദ്ധമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുക, അവ ഷെയർ ചെയ്യുക, ഇത്തരം പ്രവർത്തികൾക്ക് പ്രേരണ നൽകുക എന്നിവ ഒമാനിലെ സൈബർ കുറ്റകൃത്യ നിയമത്തിലെ (Cyber Crime Law) 20, 23, 26 എന്നീ വകുപ്പുകൾ പ്രകാരം കഠിന ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളാണ്.