മക്കയിലും മദീനയിലും ശക്തമായ പൊടിക്കാറ്റിന് സാധ്യത; വിവിധ പ്രവിശ്യകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മുന്നറിയിപ്പ്

 

സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തമായ പൊടിക്കാറ്റ് വരും ദിവസങ്ങളിലും തുടർന്നേക്കുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ്. ഇരു നഗരങ്ങളുടെയും തീരപ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ശക്തമായ കാറ്റിനൊപ്പം അന്തരീക്ഷത്തിൽ മണലും പൊടിയും ഉയരാൻ സാധ്യതയുണ്ടെന്നും ഇത് കാഴ്ചപരിധിയെ ബാധിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു. മക്ക പ്രവിശ്യയിലെ ഉയർന്ന പ്രദേശങ്ങളുടെ തെക്കൻ മേഖലകളിലാകും കാറ്റിന്റെ സ്വാധീനം കൂടുതൽ പ്രകടമാകുക.

പൊടിിക്കാറ്റിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. ജിസാൻ, അസീർ, അൽ ബഹ എന്നീ പ്രവിശ്യകളിലെ ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

അതേസമയം, ചെങ്കടലിന്റെ വടക്കൻ-മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 20 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ട്. എന്നാൽ ചെങ്കടലിന്റെ തെക്കൻ മേഖലകളിൽ കാറ്റിന്റെ വേഗത താരതമ്യേന കുറവായിരിക്കും. ഇവിടങ്ങളിൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 12 മുതൽ 32 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ് വീശുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരും തീർത്ഥാടകരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.