സൗദിയിൽ ഏഴിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; കാഴ്ചാപരിധി കുറഞ്ഞേക്കുമെന്ന് മുന്നറിയിപ്പ്
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ പൊടിയും മണ്ണും നിറഞ്ഞ ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയുന്നത് മൂലം റോഡുകളിൽ കാഴ്ചാപരിധി ഗണ്യമായി കുറയാൻ ഇടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വടക്കൻ അതിർത്തികൾ, അൽ ജൗഫ്, തബൂക്ക്, ഹാഇൽ, മദീന എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളെയും, കൂടാതെ തലസ്ഥാന നഗരമായ റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിലെ ചില ഭാഗങ്ങളെയുമാണ് ഈ പ്രതികൂല കാലാവസ്ഥ പ്രധാനമായും ബാധിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ മേഖലകളിലൂടെ യാത്ര ചെയ്യുന്നവർ, പ്രത്യേകിച്ച് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.
ചെങ്കടലിൽ കാറ്റ് ശക്തമാകും
ചെങ്കടലിലെ ഉപരിതല കാറ്റിന്റെ വേഗത വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്ക് പടിഞ്ഞാറ് മുതൽ പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വേഗതയിലായിരിക്കുമെന്നാണ് പ്രവചനം. എന്നാൽ വടക്കൻ ഭാഗങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 48 കിലോമീറ്റർ വരെ ഉയർന്നു വീശാൻ സാധ്യതയുണ്ട്.
അതേസമയം, ചെങ്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ കാറ്റ് തെക്ക് കിഴക്ക് മുതൽ വടക്ക്-കിഴക്ക് ദിശയിൽ മണിക്കൂറിൽ 10 മുതൽ 28 കിലോമീറ്റർ വരെ കുറഞ്ഞ വേഗതയിലായിരിക്കും സഞ്ചരിക്കുകയെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.