സൗദിയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ പ്രവിശ്യകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. റിയാദ്, മക്ക മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശിക്കുന്ന ഓറഞ്ച് അലേർട്ടും മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മഞ്ഞ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലും മൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
റിയാദ് മേഖലയിലെ അൽ-ഹാരിഖ്, അൽ-ഖർജ്, അൽ-ദലം, അൽ-മുസാഹിമിയ, ഹോതത് ബാനി തമീം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12:15 മുതൽ രാത്രി 11:00 വരെ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ് നഗരത്തിലും ദിരിയയിലും ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി വരെ മഴ തുടർന്നേക്കും. ഹുറൈമില, റുമ, ദുർമ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ തന്നെ കാലാവസ്ഥാ വ്യതിയാനം പ്രകടമാകും. അൽ-ദവാദ്മി, അഫീഫ് എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 49 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്.
മക്ക മേഖലയിലെ അദ്ഹാം, മെയ്സാൻ എന്നിവിടങ്ങളിൽ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയോടു കൂടിയ മഴ പ്രതീക്ഷിക്കുന്നതിനാൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. തായിഫിലും പരിസര പ്രദേശങ്ങളിലും നേരിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ഖോബാർ, ജുബൈൽ, ദഹ്റാൻ, ഖത്തീഫ്, റാസ് തനൂറ എന്നിവിടങ്ങളിൽ രാത്രി 11 മണി വരെ നേരിയ മഴയും ഇടിമിന്നലും തുടരും. മദീന മേഖലയിലെ യാൻബുവിലും അൽ-റൈസിലും പുലർച്ചെ മുതൽ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്