വായു ഗുണനിലവാരം മെച്ചപ്പെടുത്താൻ സമഗ്രപദ്ധതികൾ വേണമെന്ന് പഠനം; ബ്ലാക്ക് കാർബൺ നിയന്ത്രണത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ബഹ്‌റൈൻ

 

ബഹ്‌റൈനിലെ വായു ഗുണനിലവാരം ഉയർത്തുന്നതിനും അന്തരീക്ഷ മലിനീകരണം ഫലപ്രദമായി തടയുന്നതിനുമായി കൂടുതൽ സമഗ്രമായ പദ്ധതികൾ നടപ്പിലാക്കണമെന്ന് പുതിയ പഠന റിപ്പോർട്ട്. 2025-ലെ കണക്കുകൾ പ്രകാരം രാജ്യത്തെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 102 ആണ്. ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള വാർഷിക പരിധിയേക്കാൾ ഏകദേശം 7.2 മടങ്ങാണ് ഇവിടെ പി.എം 2.5 സൂക്ഷ്മകണികകളുടെ സാന്ദ്രത. കാലാവസ്ഥാ വ്യതിയാനവും പൊടിക്കാറ്റും കാരണം മനാമ നഗരത്തിൽ എ.ക്യു.ഐ 71-നും 101-നും ഇടയിലാണ് അനുഭവപ്പെടുന്നത്.

മലിനീകരണ തോത് ഉയർന്നുനിൽക്കുമ്പോഴും, ഈ രംഗത്ത് ബഹ്‌റൈൻ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് എയർ ക്വാളിറ്റി മോണിറ്ററിംഗ് നെറ്റ്‌വർക്കുകൾ, ഹരിതവൽക്കരണം, പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്.

ഈ ശ്രമങ്ങളുടെ ഭാഗമായി 2026-ലെ എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സിൽ (EPI) ബ്ലാക്ക് കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിൽ 100 മാർക്കോടെ ബഹ്‌റൈൻ ആഗോളതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. വ്യവസായശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള മലിനീകരണം കുറയ്ക്കുന്നതിനായി ഡിജിറ്റൽ മുന്നറിയിപ്പ് സംവിധാനങ്ങൾ, ബഫർ സോണുകൾ, ഹരിത ഗതാഗതം തുടങ്ങിയ നിർദ്ദേശങ്ങളും പഠനം മുന്നോട്ടുവെക്കുന്നു.