മക്കയിൽ 'ഫ്രൈഡേ ഓപ്പറേഷൻ' വിജയം; ലക്ഷക്കണക്കിന് ഇന്ത്യൻ തീർഥാടകർ ജുമുഅയിൽ പങ്കെടുത്തു

 

കടുത്ത ഉഷ്ണതരംഗത്തെയും തിരക്കിനെയും അതിജീവിച്ച് ഒരു ലക്ഷത്തോളം ഇന്ത്യൻ തീർഥാടകർ മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ പങ്കുചേർന്നു. ഹജ്ജിന് മുന്നോടിയായുള്ള അവസാന ജുമുഅകളിൽ ഒന്നായതിനാൽ ഹറമിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഏർപ്പെടുത്തിയ പ്രത്യേക ക്രമീകരണങ്ങൾ 'ഫ്രൈഡേ ഓപ്പറേഷന്റെ' വിജയത്തിന് കരുത്തായി.

തിരക്ക് ഒഴിവാക്കാൻ രാവിലെ ഏഴിന് തന്നെ ഹറമിലെത്താൻ ഹാജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് അർദ്ധരാത്രി മുതൽ തന്നെ തീർഥാടകർ താമസസ്ഥലങ്ങളിൽ നിന്ന് പുറപ്പെടുകയും രാവിലെ എട്ടോടെ ഭൂരിഭാഗം പേരെയും ഹറമിൽ എത്തിക്കുകയും ചെയ്തു. കുതായി, മസ്കൂത്ത, ശിഅബ് ആമിർ, ജർവൽ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു യാത്രകൾ. ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ്ജ് കോൺസൽ സദഫ് ചൗധരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി.

മക്കയിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു ഇന്നത്തെ താപനില. കടുത്ത ചൂടിൽ നിർജലീകരണം അനുഭവപ്പെട്ടവർക്ക് ആരോഗ്യപ്രവർത്തകർ ഉടനടി ശുശ്രൂഷകൾ നൽകി. സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് കുടിവെള്ളവും ജ്യൂസും വിതരണം ചെയ്തും തണലേകിയും സേവനരംഗത്ത് സജീവമായിരുന്നു. നമസ്കാരം കഴിഞ്ഞ് വൈകുന്നേരം നാലോടെ എല്ലാ തീർഥാടകരെയും സുരക്ഷിതമായി താമസസ്ഥലങ്ങളിൽ തിരിച്ചെത്തിച്ചു.

ഹജ്ജ് കർമ്മങ്ങളോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ബസ് സർവീസുകൾ നിർത്തിവെക്കും. ഇതോടെ ഹജ്ജിന് മുൻപുള്ള ജുമുഅ നമസ്കാരങ്ങളിൽ പങ്കെടുക്കാൻ ഹാജിമാർക്ക് ഇനി സാധിക്കില്ല. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും ഇതിനകം മക്കയിലെത്തിയിട്ടുണ്ട്. ഈ മാസം 19-ന് കേരളത്തിൽ നിന്നുള്ള സർവീസുകളും 22-ന് ഇന്ത്യയിൽ നിന്നുള്ള അവസാന വിമാനവും എത്തുന്നതോടെ തീർഥാടകരുടെ വരവ് പൂർത്തിയാകും.