കൊടും ചൂടിന് ആശ്വാസമേകി യു.എ.ഇയിൽ 'സുഹൈൽ' നക്ഷത്രം ഉദിച്ചു

 

യു.എ.ഇയിൽ വേനലിന്റെ കാഠിന്യം കുറഞ്ഞ് തണുപ്പിന്റെ വരവറിയിക്കുന്ന 'സുഹൈൽ' നക്ഷത്രം ദൃശ്യമായി. ഉയർന്ന അന്തരീക്ഷ ഈർപ്പവും മൂടൽമഞ്ഞും കാരണം ഖോർഫക്കാനിൽ നിന്ന് നക്ഷത്രത്തെ വ്യക്തമായി കാണാൻ സാധിച്ചില്ലെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. വരും ദിവസങ്ങളിൽ ആകാശം തെളിയുന്നതോടെ പൊതുജനങ്ങൾക്ക് സുഹൈൽ നക്ഷത്രത്തെ എളുപ്പത്തിൽ കാണാനാകും.

'യമനിന്റെ നക്ഷത്രം' എന്നും അറിയപ്പെടുന്ന സുഹൈൽ ഉദിക്കുന്നതോടെ 'സുഫ്രിയ' എന്നറിയപ്പെടുന്ന 40 ദിവസത്തെ പരിവർത്തന കാലയളവിനാണ് തുടക്കമാകുന്നത്. ഈ സമയത്ത് രാത്രികളിൽ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങുമെങ്കിലും സെപ്റ്റംബർ വരെ പകലുകളിൽ ചൂട് തുടരും.

ഒക്ടോബർ മധ്യത്തോടെ എത്തുന്ന 'വസ്മ്' സീസണോടെയാകും കാലാവസ്ഥ പൂർണ്ണമായും തണുപ്പിലേക്ക് മാറുക. കൃഷി, മീൻപിടുത്തം, മഴ ലഭ്യത എന്നിവ കണക്കാക്കാൻ പണ്ടുകാലം മുതൽ യു.എ.ഇ നിവാസികൾ ഈ നക്ഷത്രത്തിന്റെ ഉദയത്തെയാണ് ആശ്രയിച്ചിരുന്നത്.