യു.എ.ഇയിൽ സുഹൈൽ നക്ഷത്രം നാളെ ദൃശ്യമാകും
Updated: Aug 23, 2026, 21:37 IST
യു.എ.ഇയുടെ മാനത്ത് നാളെ സുഹൈൽ നക്ഷത്രം ദൃശ്യമാകും. രാജ്യത്ത് കഠിനമായ വേനൽച്ചൂട് കുറഞ്ഞ്, തണുപ്പുള്ള ദിവസങ്ങളുടെ വരവറിയിക്കുന്നതിന്റെ സൂചനയായാണ് സുഹൈൽ നക്ഷത്രത്തിന്റെ ഉദയം കണക്കാക്കുന്നത്. നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ 40 ദിവസം നീണ്ടുനിൽക്കുന്ന കാലാവസ്ഥാ മാറ്റത്തിന് തുടക്കമാകും.
കടുത്ത വേനലിൽ നിന്ന് മിതമായ തണുപ്പുള്ള കാലാവസ്ഥയിലേക്ക് ക്രമേണ മാറിത്തുടങ്ങുമെങ്കിലും, നക്ഷത്രത്തിന്റെ ഉദയം അന്തരീക്ഷം നേരിട്ട് തണുപ്പിക്കുകയല്ല ചെയ്യുന്നത്. പകരം, വേനൽച്ചൂടിന്റെ തീവ്രത കുറഞ്ഞുതുടങ്ങുന്ന കാലയളവിനെ അടയാളപ്പെടുത്തുന്ന ഒരു കലണ്ടർ പോലെയാണ് അറബ് ലോകത്ത് ഇത് പ്രവർത്തിക്കുന്നത്. "സുഹൈൽ ഉദിച്ചാൽ രാത്രി തണുക്കും" എന്ന അറബ് പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത് പോലെ, ഈ മാറ്റങ്ങൾ ആദ്യം രാത്രികാലങ്ങളിലാണ് അനുഭവപ്പെട്ടു തുടങ്ങുക.