സുൽത്താൻ ഹൈതം ബഹ്‌റൈൻ രാജാവുമായി ചർച്ച നടത്തി; മിഡിൽ ഈസ്റ്റിലെ സുരക്ഷയും സമാധാനവും പ്രധാന വിഷയങ്ങൾ

 

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ ഫോണിലൂടെ ചർച്ച നടത്തി. തിങ്കളാഴ്ച നടന്ന ചർച്ചയിൽ മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സുരക്ഷാ പ്രതിസന്ധികളും പ്രാദേശിക വിഷയങ്ങളും ഇരു നേതാക്കളും വിശദമായി വിലയിരുത്തി.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ശക്തമായ നയതന്ത്ര ശ്രമങ്ങൾ അനിവാര്യമാണെന്ന് ചർച്ചയിൽ ഇരു ഭരണാധികാരികളും ഊന്നിപ്പറഞ്ഞു. കടൽ വഴിയുള്ള ഗതാഗത പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയിൽ വിഷയമായി. രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രാദേശിക - അന്തർദ്ദേശീയ തലത്തിലുള്ള ഏകോപനം ശക്തമാക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിച്ചും സമാധാനപരമായ നീക്കങ്ങളിലൂടെ മാത്രമേ നിലവിലെ തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്ന് സുൽത്താനും രാജാവും വ്യക്തമാക്കി. ആഗോള സുരക്ഷയ്ക്ക് ഇത് അത്യന്താപേക്ഷിതമാണെന്നും ഇരുവരും കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലെ സമാധാന ശ്രമങ്ങൾക്കായി നടന്നുകൊണ്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളും ചർച്ചയിൽ അവലോകനം ചെയ്തു.