അറബ് സർവകലാശാലാ റാങ്കിങ്: സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിക്ക് മൂന്നാം സ്ഥാനം

 

2025-ലെ അറബ് സർവകലാശാലാ റാങ്കിങ്ങിൽ ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി (SQU) ഉജ്ജ്വല നേട്ടം കൈവരിച്ചു. 20 അറബ് രാജ്യങ്ങളിൽ നിന്നുള്ള 236 സർവകലാശാലകളിൽ നിന്നാണ് സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനം നേടിയത്. അറബ് ലീഗുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള, ജോർദാനിലെ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് അറബ് യൂണിവേഴ്‌സിറ്റീസ് (AArU) ആണ് ഈ റാങ്കിങ് പുറത്തുവിട്ടത്.

അറബ് ലീഗ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷൻ (ALECSO), ഫെഡറേഷൻ ഓഫ് അറബ് സയന്റിഫിക് റിസർച്ച് കൗൺസിൽസ് എന്നിവയുമായി സഹകരിച്ചാണ് ഈ മൂല്യനിർണ്ണയം നടത്തിയത്. പൂർണ്ണമായും ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസ്സിംഗിലൂടെയും ക്ലാസിഫിക്കേഷനിലൂടെയും സുതാര്യമായ രീതിയിൽ മൂല്യനിർണ്ണയം നടത്തുന്നു എന്നതാണ് ഈ റാങ്കിങ്ങിന്റെ പ്രത്യേകത. വിദ്യാഭ്യാസ നിലവാരം, ഗവേഷണ മികവ് എന്നിവയിൽ ഒമാന്റെ ഈ പ്രമുഖ കലാലയം പുലർത്തുന്ന മികവിനുള്ള അംഗീകാരമാണിത്.