വേനലവധി യാത്ര സുരക്ഷിതമാക്കാം; കർശന മാർഗനിർദ്ദേശങ്ങളുമായി സൗദി റോഡ്സ് ജനറൽ അതോറിറ്റി

 

വേനൽ അവധിക്കാലത്ത് രാജ്യത്തെ വിവിധ നഗരങ്ങൾക്കിടയിൽ ദീർഘദൂര യാത്ര ചെയ്യുന്നവർ ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സൗദി റോഡ്സ് ജനറൽ അതോറിറ്റി ആവശ്യപ്പെട്ടു. അവധിക്കാലത്ത് റോഡപകടങ്ങളിൽ 15 ശതമാനത്തോളം വർദ്ധനവുണ്ടാകുന്ന പശ്ചാത്തലത്തിലാണ് യാത്രാ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

യാത്രയ്ക്ക് ഇറങ്ങുന്നതിന് മുൻപായി വാഹനങ്ങളുടെ കാര്യക്ഷമത പൂർണ്ണമായും ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ലൈറ്റുകൾ, ബ്രേക്കിങ് സംവിധാനം എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ടയറുകളുടെ ഗുണനിലവാരവും വായുമർദ്ദവും പരിശോധിക്കുന്നതിനൊപ്പം സ്പെയർ ടയർ, അടിയന്തര രക്ഷാപ്രവർത്തന ഉപകരണങ്ങൾ എന്നിവ വാഹനത്തിൽ കരുതണം. ഡ്രൈവർമാർ യാത്രയ്ക്ക് മുൻപായി ആവശ്യത്തിന് വിശ്രമിക്കുകയും വാഹനത്തിന്റെ ഔദ്യോഗിക രേഖകളും ലൈസൻസും കൈവശമുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിങ് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക, ട്രാഫിക് സിഗ്നലുകൾ ലംഘിക്കുക, ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാതെ പെട്ടെന്ന് ട്രാക്ക് മാറുക എന്നിവ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗവും എതിർദിശയിലുള്ള വാഹനമോടിക്കലും കർശനമായി ഒഴിവാക്കണം. യാത്രയ്ക്കിടയിൽ അടിയന്തര സഹായങ്ങൾ ആവശ്യമായി വരുന്നപക്ഷം '996' എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും അതോറിറ്റി അറിയിച്ചു.