യുഎഇയിൽ സ്‌കൂളുകൾക്ക് ജൂലൈ 3 മുതൽ വേനലവധി; 'ദുബായ് സമ്മർ സർപ്രൈസസിന്' നാളെ തുടക്കം

 

യുഎഇയിൽ 2025-2026 അധ്യയന വർഷത്തെ ക്ലാസുകൾ പൂർത്തിയാക്കി രാജ്യത്തെ സ്‌കൂളുകൾക്ക് ജൂലൈ 3 മുതൽ വേനലവധി ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ജൂലൈ 6 മുതലായിരിക്കും അവധി ലഭിക്കുക. ഏകദേശം രണ്ട് മാസം നീളുന്ന അവധിക്കാലത്തിന് ശേഷം ആഗസ്റ്റ് 31-നായിരിക്കും പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ പുനരാരംഭിക്കുക.

വേനലവധിയോട് അനുബന്ധിച്ച് യുഎഇയിലെ ഏറ്റവും വലിയ ഷോപ്പിങ്-വിനോദ മാമാങ്കമായ 'ദുബായ് സമ്മർ സർപ്രൈസസ്' (DSS) നാളെ മുതൽ ആരംഭിക്കുകയാണ്. ആഗസ്റ്റ് 30 വരെ നീണ്ടുനിൽക്കുന്ന ഈ മേളയുടെ 29-ാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന മേള 'മേക് ഇറ്റ് എ ദുബായ് സമ്മർ' എന്ന പ്രമേയത്തിൽ 60 ദിവസമാണ് നീണ്ടുനിൽക്കുക.

വിപുലമായ ഷോപ്പിങ് ഓഫറുകൾ, കലാപരിപാടികൾ, തത്സമയ കൺസേർട്ടുകൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ, സ്റ്റേക്കേഷൻ പാക്കേജുകൾ എന്നിവയാണ് ഇത്തവണ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മേളയുടെ ഭാഗമായി 5 കോടി ദിർഹത്തിലധികം മൂല്യമുള്ള 12 അപ്പാർട്ട്മെന്റുകൾ, ലക്ഷക്കണക്കിന് ദിർഹത്തിന്റെ ക്യാഷ് പ്രൈസുകൾ, കാറുകൾ, സ്വർണം എന്നിവ സമ്മാനമായി നേടാനും അവസരമുണ്ട്. കൂടാതെ, ഭക്ഷണപ്രേമികൾക്കായി ആഗസ്റ്റ് മാസത്തിൽ 700-ലധികം ഔട്ട്‌ലെറ്റുകൾ പങ്കെടുക്കുന്ന ജനപ്രിയ '10 ദിർഹം ഡിഷ്' കാമ്പയിനും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.