വേനലവധി കഴിഞ്ഞു; ഖത്തറിൽ സ്കൂളുകൾ തുറന്നു
രണ്ടുമാസത്തെ വേനലവധിക്കു ശേഷം ഖത്തറിലെ സ്കൂളുകൾ തുറന്നു. പൊതു-സ്വകാര്യ മേഖലകളിലെ 649 സ്കൂളുകളിലും കിന്റർഗാർട്ടനുകളിലുമായി ആകെ 4.19 ലക്ഷം വിദ്യാർത്ഥികളാണ് ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നത്. ഖത്തർ ഗവണ്മെന്റ് സ്കൂളുകളുടെ പുതിയ അധ്യയന വർഷത്തിനും ഇന്ത്യൻ സ്കൂളുകളുടെ രണ്ടാം പാദത്തിനുമാണ് തുടക്കമായത്.
വിദ്യാർത്ഥികളുടെ വരവിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും കഴിഞ്ഞ ആഴ്ച തന്നെ സ്കൂളുകളിലെത്തി ഓറിയന്റേഷൻ പ്രോഗ്രാമുകളിലും വർക്ക്ഷോപ്പുകളിലും പങ്കൈടുത്തിരുന്നു. ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന 10,700 കുട്ടികൾക്കായി 'ഫസ്റ്റ് സ്റ്റെപ്' എന്ന പുതിയ പദ്ധതിക്കും ഈ വർഷം തുടക്കമാകും.
സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് സുരക്ഷാ പരിശോധനകളും ട്രാഫിക് ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. സ്കൂൾ മേഖലകളിൽ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. കടുത്ത ചൂട് നിലനിൽക്കുന്നതിനാൽ വിദ്യാർഥികളുടെ അടിസ്ഥാന ആവശ്യങ്ങളിലും ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ വേണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.