ദുബായ് ആകാശത്ത് വീണ്ടും വിസ്മയം; സ്കൈഡൈവിംഗ് വീഡിയോയുമായി ഷെയ്ഖ് ഹംദാൻ
യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ആകാശ വിനോദങ്ങൾ ദുബായ് ആകാശത്തേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ കുറച്ചു മാസങ്ങളായി മേഖലയിലെ സംഘർഷങ്ങൾ കാരണം നിർത്തിവെച്ചിരുന്ന സ്കൈഡൈവിംഗ് ഉൾപ്പെടെയുള്ള സാഹസിക കായിക വിനോദങ്ങൾ പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ഷെയ്ഖ് ഹംദാൻ തന്റെ പുതിയ സ്കൈഡൈവിംഗ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് ദുബായ് എയർപോർട്ട്‌സും സിവിൽ ഏവിയേഷൻ അതോറിറ്റിയും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീങ്ങുന്നതിന്റെ ശുഭസൂചനയായാണ് ഈ ചിത്രത്തെ ലോകം കാണുന്നത്. സ്കൈഡൈവിംഗ് ദുബായുടെ ഔദ്യോഗിക ഗിയറുകൾ ധരിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സാധാരണ നിലയിലേക്ക് ദുബായ് ആകാശം തിരിച്ചെത്തുന്നത് സാഹസിക സഞ്ചാരികൾക്കും വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉന്മേഷം പകരുന്ന വാർത്തയാണ്.
സംഘർഷങ്ങളെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഗ്ലോബൽ വില്ലേജും ഇന്ന് മുതൽ പ്രവർത്തനമാരംഭിച്ചതിന് പിന്നാലെയാണ് കിരീടാവകാശിയുടെ ഈ ആവേശകരമായ ചിത്രം പുറത്തുവന്നത്.