ദോഫാറിൽ ഹരിത നവീകരണത്തിന് തുടക്കമിട്ട് 'സുസ്ഥിര ദോഫാർ' കാമ്പയിൻ
ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി, നഗരവികസനം, ലോജിസ്റ്റിക്സ്, ഡിജിറ്റൽ മേഖലകളിലെ വെല്ലുവിളികൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ 'സുസ്ഥിര ദോഫാർ' കാമ്പയിന് തുടക്കമായി. സർക്കാർ സംവിധാനങ്ങൾ, പൊതുജനങ്ങൾ, യുവ ശാസ്ത്രജ്ഞർ, നവസംരംഭകർ എന്നിവരെ അണിനിരത്തിയാണ് ഈ പദ്ധതിക്ക് ഒമാൻ രൂപം നൽകിയിരിക്കുന്നത്.
ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദോഫാർ മുനിസിപ്പാലിറ്റി, ടൂറിസം മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സലാലയിൽ നടക്കുന്ന രണ്ടാമത് ഗൾഫ് ഗ്രീൻ ഫോറത്തിനോടനുബന്ധിച്ചായിരുന്നു പദ്ധതിയുടെ ലോഞ്ച്.
സുസ്ഥിര വികസനത്തിനായി ജനങ്ങൾക്കും നിക്ഷേപകർക്കും ആശയങ്ങൾ സമർപ്പിക്കാൻ 'ആമിദ്' എന്ന പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോമും പുറത്തിറക്കി. ഇതിലൂടെ ലഭിക്കുന്ന മികച്ച പ്രാദേശിക ആശയങ്ങളെ കണ്ടെത്തി ഭാവിയിൽ വലിയ നിക്ഷേപ പദ്ധതികളാക്കി മാറ്റും. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നെറ്റ്-സീറോ കൈവരിക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും കാമ്പയിൻ സഹായിക്കും.