മൂന്നുമാസം പ്രായമായ കുഞ്ഞുമായി യൂറോപ്യൻ യൂണിയൻ യോഗത്തിനെത്തി സ്വീഡിഷ് കാലാവസ്ഥാ മന്ത്രി

 

യൂറോപ്യൻ യൂണിയന്റെ (ഇ.യു) നിർണ്ണായക യോഗത്തിലേക്ക് തന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായെത്തി സ്വീഡന്റെ കാലാവസ്ഥാ-പരിസ്ഥിതി മന്ത്രി റൊമിനാ പൗർമോഖ്താരി. കാലാവസ്ഥാ വ്യതിയാന നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ലക്സംബർഗിൽ ചേർന്ന യോഗത്തിലാണ് മകൻ ആദവുമായി റൊമിന പങ്കെടുത്തത്. ഇ.യു ചരിത്രത്തിൽ ആദ്യമായാണ് ഒരംഗം കുഞ്ഞുമായി ഔദ്യോഗിക യോഗത്തിനെത്തുന്നത്.

2022-ൽ അധികാരമേൽക്കുമ്പോൾ സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡ് (30-ാം വയസ്സിൽ) സ്വന്തമാക്കിയ റൊമിന, പുതിയ നീക്കത്തിലൂടെ വീണ്ടും മാതൃകയായി. പ്രസവാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച ഉടനെയാണ് അവർ ഇ.യു യോഗത്തിനെത്തിയത്. യോഗത്തിൽ റൊമിന സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോൾ, "നല്ല ടൈമിങ്, ആദം" എന്ന് തമാശ രൂപേണ പറഞ്ഞ് കുട്ടിയെ ആശ്വസിപ്പിച്ചാണ് അവർ പ്രസംഗം തുടർന്നത്. സെപ്റ്റംബർ വരെ അവധിയെടുത്ത റൊമിനയുടെ ഭർത്താവും ഇവർക്കൊപ്പം ലക്സംബർഗിൽ എത്തിയിരുന്നു.

ജോലിയും മാതൃത്വവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുമെന്നും, ഇതിനായി പരമ്പരാഗത ചിന്താഗതികൾക്കപ്പുറം ഉത്തരവാദിത്തങ്ങൾ പങ്കിടുന്ന ജീവിതപങ്കാളിയുടെ പിന്തുണയാണ് ആവശ്യമെന്നും റൊമിന വ്യക്തമാക്കി. റൊമിനയുടെ തീരുമാനത്തെ പോളണ്ടിന്റെ ഡെപ്യൂട്ടി കാലാവസ്ഥാ മന്ത്രി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പിന്തുണച്ചു. ലോകത്ത് ഏറ്റവും കൂടുതൽ പ്രസവാവധി അനുവദിക്കുന്ന രാജ്യങ്ങളിലൊന്നായ സ്വീഡനിൽ മാതാപിതാക്കൾക്ക് 16 മാസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കാറുണ്ട്.