യു.എ.ഇ വിമാനത്താവളങ്ങളിൽ ടാക്സ് റീഫണ്ട് ഇനി മിനിറ്റുകൾക്കുള്ളിൽ
യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികൾക്കായി വിമാനത്താവളങ്ങളിലെ വാറ്റ് (VAT) റീഫണ്ട് നടപടികൾ കൂടുതൽ വേഗത്തിലാക്കി അധികൃതർ. ഫെഡറൽ ടാക്സ് അതോറിറ്റിയും (FTA) 'പ്ലാനറ്റ് ടാക്സ് ഫ്രീ'യും ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണ്ണമായും ഡിജിറ്റലായ പുതിയ പ്ലാറ്റ്ഫോം പുറത്തിറക്കി. ഇതിലൂടെ വിമാനത്താവളങ്ങളിലെ നീണ്ട കാത്തിരിപ്പ് ഒഴിവാക്കി ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ടാക്സ് റീഫണ്ട് നടപടികൾ പൂർത്തിയാക്കാൻ കഴിയും.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ഷാർജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് പുതിയ എ.ഐ അധിഷ്ഠിത പ്ലാറ്റ്ഫോം നിലവിൽ വന്നത്. ഡിജിറ്റൽ സീറോ ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായി പേപ്പർ ഉപയോഗം കുറയ്ക്കാനും നടപടികൾ ലളിതമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം.
ടാക്സ് റീഫണ്ട് നേടാൻ ചെയ്യേണ്ട കാര്യങ്ങൾ:
- പ്ലാനറ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക: യാത്രയ്ക്ക് മുൻപായി മൊബൈൽ ഫോണിൽ 'Planet' ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- ക്യു.ആർ കോഡ് സ്കാൻ ചെയ്യുക: വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സ് റീഫണ്ട് സേവന കേന്ദ്രങ്ങളിലുള്ള ക്യു.ആർ കോഡ് ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പ്രോസസിങ് ആരംഭിക്കുക.
- സ്മാർട്ട് ഗേറ്റ് പരിശോധന: വാങ്ങിയ സാധനങ്ങൾ അനുസരിച്ച് നേരിട്ടുള്ള പരിശോധന ആവശ്യമെങ്കിൽ ആപ്പിൽ അറിയിപ്പ് ലഭിക്കും. തുടർന്ന് പ്ലാനറ്റ് സ്മാർട്ട് ഗേറ്റിലെത്തി ഫെയ്സ് സ്കാനിങ് നടത്താം.
സാധാരണയായി 5 ശതമാനം വാറ്റാണ് യു.എ.ഇയിലെ സാധനങ്ങൾക്കുള്ളത്. ഇതിൽ നിബന്ധനകൾക്ക് വിധേയമായി സേവനച്ചാർജ് കിഴിച്ചുള്ള തുക വിനോദസഞ്ചാരികൾക്ക് റീഫണ്ടായി ലഭിക്കും. സർവീസുകൾ വേഗത്തിലാക്കാൻ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ ആപ്പ് വഴി നടപടികൾ ആരംഭിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.