അജ്മാനിൽ ടാക്സി ബുക്കിങ് പൂർണമായും ഡിജിറ്റലിലേക്ക്; 95 ശതമാനം യാത്രക്കാരും ആപ്പുകളെ ആശ്രയിക്കുന്നു
Aug 2, 2026, 11:34 IST
അജ്മാനിൽ യാത്രക്കാരുടെ ടാക്സി ബുക്കിങ് രീതി ഏതാണ്ട് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നു. ഈവർഷം ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം 95 ശതമാനത്തിലേറെ യാത്രക്കാരും ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വഴിയാണ് ടാക്സി ബുക്ക് ചെയ്തതെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പരമ്പരാഗത ബുക്കിങ് രീതികൾ അഞ്ച് ശതമാനത്തിലും താഴെയായി കുറഞ്ഞു.
ആദ്യ ആറുമാസത്തിൽ ടാക്സി സേവനം ആവശ്യപ്പെട്ട 7,46,046 പേരിൽ 7,10,905 പേരും ഊബർ, കാരീം, അജ്മാൻ വൺ, യാങ്കോ തുടങ്ങിയ മൊബൈൽ ആപ്പുകളാണ് ഉപയോഗിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് ഡിജിറ്റൽ ബുക്കിങ്ങിൽ 28 ശതമാനത്തിന്റെ വർധനയുണ്ടായി. ഡിജിറ്റൽ വൽകരണത്തിനായുള്ള ശ്രമങ്ങൾ വിജയം കാണുന്നതിന്റെ സൂചനയാണിതെന്ന് ട്രാൻസ്പോർട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റഷ ഖലാഫ് ആൽ ശംസി വ്യക്തമാക്കി.