യു.എസിൽ തെലങ്കാന സ്വദേശിയായ വിദ്യാർഥിനിയെ കാണാതായി
യു.എസിലെ ബോസ്റ്റണിൽ ഉന്നതപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി. തെലങ്കാന നൽഗൊണ്ട സ്വദേശിനിയും യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് ബോസ്റ്റണിലെ എം.എസ് ഫിനാൻസ് വിദ്യാർഥിനിയുമായ ശ്രീജ റെഡ്ഡി കോയ (23) യെയാണ് കാണാതായത്.നവംബർ രണ്ടിന് രാത്രി താമസസ്ഥലത്തുനിന്ന് നടക്കാനായി പുറത്തുപോയ ശ്രീജ പിന്നീട് തിരിച്ചെത്തിയില്ലെന്ന് സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങിയ ശ്രീജ ചെരിപ്പില്ലാതെ നടന്നുപോകുന്നത് പട്രോളിങ്ങിനിടെ കണ്ടിരുന്നുവെന്നാണ് ബോസ്റ്റൺ പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.
കാർസൺ ബീച്ച് അല്ലെങ്കിൽ ഹാർബർ പോയിന്റ് പരിസരത്താണ് ശ്രീജയുടെ അവസാന ടവർ ലൊക്കേഷൻ രേഖപ്പെടുത്തിയിട്ടുള്ളത്.ഒരു വർഷം മുൻപാണ് ഹൈദരാബാദിൽ നിന്ന് ബികോം പൂർത്തിയാക്കിയ ശ്രീജ ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയത്. ഓഗസ്റ്റിൽ നാട്ടിലെത്തി മടങ്ങിയ മകൾ തികച്ചും സന്തോഷവതിയായിരുന്നുവെന്നും പെട്ടെന്ന് കാണാതായതിൽ വലിയ ആശങ്കയുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.
ബോസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ബോസ്റ്റൺ പൊലീസ് എന്നിവരുടെ സഹായത്തോടെ ശ്രീജയെ കണ്ടെത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് തെലങ്കാന മന്ത്രി കോമടിറെഡ്ഡി വെങ്കട്ട് റെഡ്ഡി അഭ്യർഥിച്ചു. അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പൊലീസും വ്യക്തമാക്കി.