റുസ്താഖിൽ താപനില 47.5 ഡിഗ്രി കടന്നു, കനത്ത ജാഗ്രതാ നിർദ്ദേശം

 

ഒമാനിൽ വേനൽച്ചൂട് കടുത്തതോടെ വിവിധ വിലായത്തുകളിൽ അന്തരീക്ഷം ചുട്ടുപൊള്ളുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെല്ലാം റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റുസ്താഖിലാണ് ഇത്തവണ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടത്; ഇവിടെ 47.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.

മറ്റ് പ്രവിശ്യകളിലും സമാനമായ രീതിയിൽ ജനജീവിതം ദുസ്സഹമാക്കുന്ന കടുത്ത ചൂടാണ് തുടരുന്നത്. ഫഹൂദിൽ 47.2 ഡിഗ്രി സെൽഷ്യസും, ദിമ അൽ വതായീനിൽ 47.0 ഡിഗ്രി സെൽഷ്യസും താപനില ഉയർന്നു. നിലവിൽ രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ചൂട് 45 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആമിറാത്ത്, സുനൈന എന്നിവിടങ്ങളിൽ 46.9 ഡിഗ്രിയും, ബിദ്ബിദ്, ബിദിയ എന്നീ പ്രദേശങ്ങളിൽ 46.7 ഡിഗ്രിയും ചൂട് എത്തിനിൽക്കുന്നു.

ഇവയ്ക്ക് പുറമെ അൽ ഖാബിൽ, സമൈൽ എന്നിവിടങ്ങളിൽ 46.6 ഡിഗ്രി സെൽഷ്യസും, അൽ അവാബി, സഹം പ്രദേശങ്ങളിൽ 46.5 ഡിഗ്രി സെൽഷ്യസും താപനില റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകൽസമയങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത വിധം വരും ദിവസങ്ങളിലും ചൂട് ശക്തമായി തുടരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ-കാലാവസ്ഥാ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.