യു.എ.ഇയിൽ വിവിധ ഭാഗങ്ങളിൽ ഇന്ന് താപനില കുറഞ്ഞേക്കും; പൊടിക്കാറ്റിനും പ്രക്ഷുബ്ധമായ കടലിനും സാധ്യതയെന്ന് മുന്നറിയിപ്പ്
യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് താപനില കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഭാഗികമായി മേഘാവൃതമായ അന്തരീക്ഷത്തോടൊപ്പം രാജ്യത്ത് ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. വടക്കൻ മേഖലകളിൽ ഇടയ്ക്കിടെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിലും പ്രധാന റോഡുകളിലും പൊടിക്കാറ്റുയരാനും കാഴ്ചപരിധി കുറയാനും ഇടയുണ്ട്. തീരദേശങ്ങളിലും ദ്വീപുകളിലും പരമാവധി താപനില 40 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും ഉൾനാടൻ പ്രദേശങ്ങളിൽ 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്തിയേക്കാം. മലയോര മേഖലകളിൽ താപനില 33 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കൂടാതെ തീരദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് (Humidity) 85 ശതമാനം വരെയും മലയോര മേഖലകളിൽ 80 ശതമാനം വരെയും ഉയർന്നേക്കാം. അറേബ്യൻ ഉൾക്കടലിന്റെ പടിഞ്ഞാറൻ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെങ്കിലും ഒമാൻ കടൽ സാധാരണ നിലയിലായിരിക്കും.
ബുധനാഴ്ചയും സമാനമായ കാലാവസ്ഥാ സാഹചര്യം തുടരുമെന്നും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. വ്യാഴാഴ്ചയോടെ അന്തരീക്ഷം സാധാരണ നിലയിലാകും. വാരാന്ത്യ ദിനങ്ങളിൽ പൊതുവേ ശാന്തമായ കാലാവസ്ഥയായിരിക്കുമെങ്കിലും കിഴക്കൻ മേഖലകളിൽ പുലർച്ചെ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.