കുവൈത്തിൽ താപനില കുറയുന്നു; തിങ്കളാഴ്ച രാവിലെ വരെ മഴയ്ക്ക് സാധ്യത
കുവൈത്തിൽ വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ വരെ പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ഉയർന്ന തലത്തിലുള്ള താഴ്ന്ന താപനിലയോടൊപ്പം, ഈർപ്പമുള്ള ഉപരിതല ന്യൂനമർദ വികാസത്തിന്റെ സ്വാധീനത്തിലാണ് രാജ്യമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. ഇത് താഴ്ന്നതും ഇടത്തരവുമായ മേഘ രൂപീകരണത്തിനും ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റിനും ഇടയാക്കും.
ഞായറാഴ്ച ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായ അന്തരീക്ഷവും പൊടിക്കാറ്റും പ്രതീക്ഷിക്കാം. തിങ്കളാഴ്ച പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 29 ഡിഗ്രി സെൽഷ്യസാണ്. ചൊവ്വാഴ്ച താപനില 25 ഡിഗ്രി സെൽഷ്യസായി കുറയുകയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടാകുകയും ചെയ്യും. ബുധനാഴ്ചയോടെ കൂടുതൽ തണുപ്പുള്ള അന്തരീക്ഷമായിരിക്കും; ഉയർന്ന താപനില 19 ഡിഗ്രിയും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസുമായി കുറയാനാണ് സാധ്യത.