ഒമാനിൽ വരും ദിവസങ്ങളിൽ ചൂട് കുറയും
ഒമാനിൽ വരും ദിവസങ്ങളിൽ താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ഗവർണറേറ്റുകളിൽ വടക്ക്-പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് താപനില താഴുന്നത്. ബുധനാഴ്ച വൈകീട്ട് മുതൽ ആരംഭിച്ച ഈ കാറ്റ് ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ചയോടെ മസ്‌കത്തിൽ താപനില ഏകദേശം 26 ഡിഗ്രി സെൽഷ്യസിലേക്ക് താഴാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാറ്റ് ശക്തമാകുന്നതോടെ മരുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇത് കാഴ്ചപരിധി കുറയാൻ കാരണമാകുമെന്നതിനാൽ വാഹനയാത്രികർ ശ്രദ്ധിക്കണം. ഒമാൻ തീരങ്ങളിൽ തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു.
ശൈത്യകാലാവസ്ഥയുടെ സ്വാധീനം വടക്കൻ മേഖലകളിൽ കൂടുതൽ പ്രകടമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. പൊടിപടലങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.