ഒമാനിൽ താപനില ഉയരുന്നു; റുസ്താഖിൽ കനത്ത ചൂട് (46.7°C)
ഒരിടവേളയ്ക്ക് ശേഷം ഒമാനിൽ വീണ്ടും താപനില കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 46.7 ഡിഗ്രി സെൽഷ്യസ് റുസ്താഖിൽ രേഖപ്പെടുത്തി. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വേനൽച്ചൂട് അതിശക്തമായി തുടരുകയാണെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മിക്ക പ്രദേശങ്ങളിലും താപനില 44 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.
വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില (ഡിഗ്രി സെൽഷ്യസിൽ):
- ആമിറാത്ത്: 45.9
- ബിദ്ബിദ്: 45.7
- അൽ അവാബി: 45.5
- വാദി അൽ മആവിൽ: 45.4
- സുനൈന: 45.4
- നഖൽ: 45.2
- ബൗഷർ: 45.2
അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പരക്കെ മഴ കനത്ത ചൂടിന് താൽക്കാലിക ആശ്വാസമേകിയിരുന്നെങ്കിലും വേനൽ കടുക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്. ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും വരും ദിവസങ്ങളിലും ചൂട് 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരാനാണ് സാധ്യത. അതേസമയം, രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 15.2 ഡിഗ്രി സെൽഷ്യസ് ജബൽ ഷംസിൽ രേഖപ്പെടുത്തി.
ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.