കുവൈത്തിൽ ഓൺലൈൻ റെസിഡൻസി സേവനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം; പ്രവാസികൾക്ക് പുതിയ ഇൻഷുറൻസ് നിരക്ക് നാളെ മുതൽ
ഇലക്ട്രോണിക് സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഓൺലൈൻ റെസിഡൻസി സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു. തിങ്കളാഴ്ച രാത്രി 10 മണി മുതൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണി വരെയാണ് നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിസ്റ്റത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനുമുള്ള അപ്ഡേഷനാണ് നടക്കുന്നത്. അടിയന്തരമായി പൂർത്തിയാക്കേണ്ട റെസിഡൻസി ഇടപാടുകൾ സേവനം നിലയ്ക്കുന്നതിന് മുൻപായി തീർക്കണമെന്ന് മന്ത്രാലയം ഉപയോക്താക്കളോട് നിർദ്ദേശിച്ചു.
അതേസമയം, കുവൈത്തിലെ പ്രവാസികൾക്ക് ഏറെ നിർണ്ണായകമായ പുതിയ ആരോഗ്യ ഇൻഷുറൻസ് നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് നാളെ മുതൽ റെസിഡൻസി പുതുക്കുന്നവർ പുതുക്കിയ ഇൻഷുറൻസ് തുക നൽകേണ്ടി വരും. റെസിഡൻസി പുതുക്കുന്നതിന് 100 ദീനാർ നൽകണം. കൂടാതെ എല്ലാത്തരം റെസിഡൻസി, വിസിറ്റ് വിസകൾക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. വിസ നടപടികൾക്കായി കാത്തിരിക്കുന്നവർ ഈ നിരക്ക് മാറ്റം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.