തീർഥാടകർക്ക് കൈത്താങ്ങായി ‘തവക്കൽന’; മലയാളം ഉൾപ്പെടെ 19 ഭാഷകളിൽ സേവനം ലഭ്യമാക്കി സൗദി

 

ഹജ്ജ് തീർഥാടകർക്കും ഈ സീസണിൽ സേവനരംഗത്തുള്ള ജീവനക്കാർക്കും ആശ്വാസമായി സൗദി അറേബ്യയുടെ സമഗ്ര ദേശീയ ആപ്ലിക്കേഷനായ ‘തവക്കൽന’യുടെ സേവനങ്ങൾ ഇനി 19 ഭാഷകളിൽ ലഭ്യമാകും. സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ചാണ് ഈ ഡിജിറ്റൽ മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നത്. അറബിക്, ഇംഗ്ലീഷ്, മലയാളം എന്നിവയ്ക്ക് പുറമെ ഹിന്ദി, ഉർദു, ഇന്തോനേഷ്യൻ തുടങ്ങി പത്തൊമ്പതോളം ഭാഷകൾ തവക്കൽനയുടെ ഭാഷാ പട്ടികയിലുണ്ട്.

തീർഥാടകർ രാജ്യത്ത് എത്തുന്ന നിമിഷം മുതൽ തിരികെ മടങ്ങുന്നതുവരെയുള്ള എല്ലാ ആവശ്യങ്ങളും സുഗമമാക്കുന്നതിനായി വിപുലമായ സാങ്കേതിക സംവിധാനങ്ങളാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് പെർമിറ്റുകൾക്കായുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘തസ്‌റീഹ്’ പ്ലാറ്റ്‌ഫോമുമായി തവക്കൽനയെ സംയോജിപ്പിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും. ഹജ്ജ് പെർമിറ്റുകൾക്ക് പുറമെ, മക്കയിലേക്കുള്ള പ്രവേശനാനുമതി, ജോലി, സന്നദ്ധസേവനം, വാഹനങ്ങൾ എന്നിവയ്ക്കുള്ള വിവിധ സർക്കാർ പെർമിറ്റുകളും ഇതിലൂടെ ഒരൊറ്റ ക്ലിക്കിൽ ലഭ്യമാകും.

തീർഥാടകർക്ക് ആത്മീയ കാര്യങ്ങൾക്കും സുരക്ഷക്കുമായി നിരവധി പ്രത്യേക സേവനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖിബ്ല ദിശ അറിയാനും പ്രാർഥനാ സമയങ്ങൾ ക്രമീകരിക്കാനും വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും ഇതിലൂടെ സാധിക്കും. കൂടാതെ, അറഫാ പ്രഭാഷണം വിവിധ ഭാഷകളിൽ ശ്രവിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാൻ സഹായിക്കുന്ന ‘അസ്അഫ്നി’ സേവനവും പുണ്യസ്ഥലങ്ങളിലെ തത്സമയ കാലാവസ്ഥാ വിവരങ്ങളും ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്.

നിലവിൽ 35 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള തവക്കൽന ആപ്പ് വഴി മുന്നൂറ്റമ്പതോളം സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആയിരത്തി മുന്നൂറിലധികം സേവനങ്ങളാണ് നൽകിവരുന്നത്. ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗ്ൾ പ്ലേ, ആപ്പ് ഗാലറി, ഗാലക്‌സി സ്റ്റോർ എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് തീർഥാടകർക്ക് ഈ സേവനങ്ങളെല്ലാം പ്രയോജനപ്പെടുത്താവുന്നതാണ്.