സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉപയോഗിച്ച ഹെവി ട്രക്കുകളുടെ പ്രായപരിധി കുറച്ചു; പരമാവധി 5 വർഷം മാത്രം
സൗദി അറേബ്യയിലേക്ക് വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപയോഗിച്ച ഹെവി ട്രക്കുകളുടെ പ്രായപരിധി സൗദി ഭരണകൂടം വെട്ടിക്കുറച്ചു. നിലവിൽ പത്ത് വർഷമായിരുന്ന പ്രായപരിധിയാണ് ഇനി മുതൽ അഞ്ച് വർഷമായി കുറച്ചിരിക്കുന്നത്. പുതിയ ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്ത് സർവീസ് നടത്തുന്ന ഹെവി വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക തീരുമാനം.
മൂന്നര ടണ്ണിൽ കൂടുതൽ ചരക്കുനീക്ക ശേഷിയുള്ള സെക്കൻഡ് ഹാൻഡ് ഹെവി ട്രക്കുകൾ, ട്രെയിലറുകൾ തുടങ്ങിയവയുടെ ഇറക്കുമതി നിയന്ത്രിക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (GTA) പ്രത്യേക അഭ്യർത്ഥന മുൻനിർത്തിയാണ് പ്രായപരിധി അഞ്ച് വർഷമായി നിശ്ചയിച്ചത്. ട്രക്ക് മോഡലുകൾ നിർമ്മിച്ച വർഷത്തിന്റെ തുടക്കം മുതലുള്ള അഞ്ച് വർഷമാണ് പ്രായപരിധിയായി കണക്കാക്കുക. എല്ലാത്തരം ഹെവി ട്രക്ക് മോഡലുകൾക്കും ഈ നിബന്ധന ബാധകമായിരിക്കും.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) എന്നിവയുമായി സംയുക്തമായി ഏകോപിപ്പിച്ചാണ് പുതിയ ഭേദഗതി രാജ്യത്ത് നടപ്പിലാക്കുക. കര ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും, പഴയ വാഹനങ്ങൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും റോഡപകടങ്ങളും കുറയ്ക്കുന്നതിനും പുതിയ നിയമം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.