സലാലയിലെ അൽ മഅ്മൂറ-റസാത്ത് ഇരട്ടപ്പാത ഭാഗികമായി തുറന്നു നൽകി; പൂർണ്ണമാകുന്നത് 2027 സെപ്റ്റംബറോടെ

 

സലാല വിലായത്തിലെ അൽ മഅ്മൂറ-റസാത്ത് ഇരട്ടപ്പാത പദ്ധതിയുടെ ചില ഭാഗങ്ങൾ ഗതാഗതത്തിനായി തുറന്നുനൽകി. ദോഫാർ മേഖലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്ന നഗര-വിനോദസഞ്ചാര വികസനത്തിന് അനുസൃതമായി, സലാല നഗരത്തിന്റെ കിഴക്കൻ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് ഈ നവീകരണം. അൽ മഅ്മൂറ റൗണ്ട് എബൗട്ടിനെയും റസാത്ത് റൗണ്ട് എബൗട്ടിനെയും ബന്ധിപ്പിക്കുന്ന പാതയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ദോഫാർ നഗരസഭ പ്രൊജക്ട്സ് ആൻഡ് ടെക്നിക്കൽ അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല മുഹമ്മദ് ബാഇൻ പറഞ്ഞു.

40 ലക്ഷത്തിലധികം ഒമാനി റിയാൽ ചെലവഴിച്ചാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള റോഡിന് സമാന്തരമായി ഏതാണ്ട് 5.5 കിലോമീറ്റർ നീളത്തിലാണ് പുതിയ ഇരട്ടപ്പാത നിർമ്മിക്കുന്നത്. ഇരുവശങ്ങളിലേക്കും രണ്ട് വരികൾ (ടു-വേ) വീതമുള്ള റോഡിൽ ആവശ്യമായ റോഡ് ഷോൾഡറുകളും സെൻട്രൽ മീഡിയനും ഉൾപ്പെടുത്തിയാണ് നിർമ്മാണം.

പദ്ധതിയുടെ ഭാഗമായി ഇതുവരെ പണി പൂർത്തിയായ ചില റോഡ് ഭാഗങ്ങളാണ് ഇപ്പോൾ യാത്രക്കാർക്കായി തുറന്നുകൊടുത്തത്. നിശ്ചയിച്ച സമയപരിധിയേക്കാൾ വേഗത്തിലാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പദ്ധതി 2027 സെപ്തംബറോടെ പൂർണ്ണമായും പൂർത്തിയാകുമെന്നും അധികൃതർ വ്യക്തമാക്കി.