അബൂദബിയിൽ ഒട്ടകങ്ങളെ മേയ്ക്കുന്നതിനുള്ള നിരോധനം 2027 മേയ് വരെ നീട്ടി; പ്രകൃതി സംരക്ഷണം ലക്ഷ്യം

 

അബൂദബി എമിറേറ്റിലെ സ്വാഭാവിക സസ്യജാലങ്ങളെയും മരുഭൂമിയിലെ പരിസ്ഥിതി വ്യവസ്ഥയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒട്ടകങ്ങളെ മേയ്ക്കുന്നതിന് ഏർപ്പെടുത്തിയ വാർഷിക നിരോധനം 2027 മേയ് 14 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 16 മുതൽ പ്രാബല്യത്തിൽ വന്ന നിരോധനം അബൂദബി പരിസ്ഥിതി ഏജൻസിയാണ് (EAD) പ്രഖ്യാപിച്ചത്.

2026-ലെ ഒട്ടക മേച്ചിൽ സീസൺ അവസാനിച്ചതായി വ്യക്തമാക്കിയ ഏജൻസി, നിരോധന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ ഒട്ടക ഉടമകളോടും വളർത്തുകാരോടും അഭ്യർത്ഥിച്ചു. മേച്ചിൽ പ്രദേശങ്ങളിലെ പ്രകൃതിദത്ത സസ്യങ്ങൾക്ക് തടസ്സങ്ങളില്ലാതെ പുനരുജ്ജീവനത്തിന് സമയം നൽകാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അബൂദബിയിൽ ഒട്ടകങ്ങളെ മേയ്ക്കുന്നത് 2020-ലെ 11-ാം നമ്പർ നിയമപ്രകാരമാണ് ക്രമീകരിച്ചിരിക്കുന്നത്.

21 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള യു.എ.ഇ പൗരന്മാർക്ക് ലൈസൻസോടെ മാത്രമാണ് ഒട്ടകങ്ങളെ മേയ്ക്കാൻ അനുമതിയുള്ളത്. അർഹരായ ഒട്ടക ഉടമകൾക്ക് താം (TAMM) ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി പുതിയ ലൈസൻസിന് അപേക്ഷിക്കാനോ പുതുക്കാനോ കഴിയും. പുതിയ ലൈസൻസിന് 250 ദിർഹമും പുതുക്കുന്നതിന് 150 ദിർഹമുമാണ് ഫീസ്.