ദുബൈയിൽ സ്ട്രീറ്റ് ബോർഡുകളുടെയും കെട്ടിട നമ്പറുകളുടെയും നിറം മാറും; ക്യു.ആർ കോഡുകളോടെ പുതിയ അഡ്രസ് ബോർഡുകൾ
ദുബൈയിലെ സ്ട്രീറ്റ് ബോർഡുകളിലും കെട്ടിട നമ്പറുകളിലും മാറ്റങ്ങളുമായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) ദുബൈ മുനിസിപ്പാലിറ്റിയും. പുതിയ ഡിസൈൻ, ആകർഷകമായ നിറങ്ങൾ, ക്യു.ആർ (QR) കോഡുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പരിഷ്കാരം. പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തിരിച്ചറിയാൻ അഞ്ച് വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിക്കുക. തീരദേശ മേഖലകളിൽ നീലയും മരുഭൂമിയോട് ചേർന്ന പ്രദേശങ്ങളിൽ സ്വർണ്ണനിറത്തിലുള്ള ബോർഡുകളുമാണ് സ്ഥാപിക്കുക. 2030-ഓടെ ദുബൈയിലെ 186 മേഖലകളിൽ പദ്ധതി പൂർത്തിയാക്കും.
പദ്ധതിയുടെ ആദ്യഘട്ടമായി ഈ വർഷം സഅബീൽ, നാദ് അൽ ഷെബ, അൽ ഖവാനീജ്, നസ്വ എന്നിവിടങ്ങളിൽ രണ്ടായിരത്തിലധികം പുതിയ സൈൻബോർഡുകൾ സ്ഥാപിക്കും. കെട്ടിടങ്ങളിലെ പുതിയ ബോർഡുകളിൽ മകാനി നമ്പറിനൊപ്പം ഉൾപ്പെടുത്തുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ആ പ്രദേശത്തിന്റെ വിവരങ്ങളും തെരുവുകളുടെ പേരിന് പിന്നിലെ ചരിത്രവും പ്രധാന ലാൻഡ്‌മാർക്കുകളും അറിയാൻ സാധിക്കും. ഭാവിയിൽ ഈ സ്മാർട്ട് സംവിധാനം ബസ് സ്റ്റോപ്പുകളിലേക്കും വ്യാപിപ്പിക്കും.