ജീവിതച്ചെലവ് ഉയരുന്നു; ഇറാനിൽ പ്രക്ഷോഭം ശക്തം, ആറ് പേർ കൊല്ലപ്പെട്ടു

 

ഇറാനിൽ കുതിച്ചുയരുന്ന ജീവിതച്ചെലവിനെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്നു. വിവിധയിടങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ ആറ് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള അസ്ന നഗരത്തിൽ മാത്രം മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.

പാശ്ചാത്യ ഉപരോധങ്ങൾ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഇറാനിയൻ കറൻസിയുടെ മൂല്യത്തകർച്ചയുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായി ഉയർന്നതോടെ ഭക്ഷണസാധനങ്ങൾക്കും മറ്റ് അവശ്യവസ്തുക്കൾക്കും വില കുത്തനെ കൂടി. തെഹ്‌റാനിലെ ഗ്രാൻഡ് ബസാറിലെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചതോടെയാണ് സമരത്തിന് തുടക്കമായത്. ഫാർ പ്രവിശ്യയിൽ സർക്കാർ കെട്ടിടം ഉപരോധിക്കാൻ ശ്രമിച്ചവർക്ക് നേരെ സുരക്ഷാ സേന വെടിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധം ശക്തമായതോടെ സർക്കാർ സെൻട്രൽ ബാങ്കിന് പുതിയ ഗവർണറെ നിയമിക്കുകയും ചില സാമ്പത്തിക പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപാരികളുമായും ട്രേഡ് യൂണിയൻ പ്രതിനിധികളുമായും നേരിട്ട് ചർച്ച നടത്തുമെന്ന് സർക്കാർ വക്താവ് ഫത്തേമെ മൊഹജറാനി വ്യക്തമാക്കി. എങ്കിലും വിദ്യാർത്ഥികളടക്കം പ്രതിഷേധവുമായി തെരുവിലുണ്ടെന്നത് ഭരണകൂടത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.