രാജ്യത്തെ പെൺമക്കൾക്ക് നീതി വേണം; ഉന്നാവ് പീഡനക്കേസിൽ പാർലമെന്റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം

 

ഉന്നാവ് പീഡനക്കേസിലെ പ്രതി കുൽദീപ് സിങ് സെൻഗറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിക്കെതിരെ പാർലമെന്റിന് മുന്നിൽ വനിതാ കൂട്ടായ്മയുടെ പ്രതിഷേധം. മുൻ ബിജെപി എംഎൽഎയായ സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയതിനെതിരെ 'രാജ്യത്തെ പെൺമക്കൾക്ക് നീതി വേണം' എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. സാമൂഹിക പ്രവർത്തകരായ മുംതാസ് പാട്ടേൽ, അംഗിത ഭയാന, ഋതിക ഇഷ, കെസ്‌വിയ ഹാലിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം. പരമോന്നത നീതിപീഠത്തിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. പ്രതിഷേധത്തെത്തുടർന്ന് പാർലമെന്റിന് മുന്നിൽ പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

2017-ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലാണ് കുൽദീപ് സിങ് സെൻഗറെ ശിക്ഷിച്ചത്. 2019-ൽ വിചാരണക്കോടതി ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഇയാൾ നൽകിയ ഹർജിയിൽ അന്തിമ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.