യുഎഇയിൽ സ്വദേശിവത്കരണ സമയപരിധി അടുത്ത മാസം അവസാനിക്കും; ജൂലായ് ഒന്ന് മുതൽ കർശന പരിശോധന
സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ അർധവാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കേണ്ട സമയപരിധി ജൂൺ 30-ന് അവസാനിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നിശ്ചിത ലക്ഷ്യം പൂർത്തിയാക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂലായ് ഒന്ന് മുതൽ രാജ്യവ്യാപകമായി കർശന പരിശോധനകൾ ആരംഭിക്കുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ വലിയ തുക പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഈ സമയപരിധിക്കുള്ളിൽ സ്വദേശിവത്കരണത്തിൽ ഒരു ശതമാനം വളർച്ച കൈവരിക്കണം. സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ നിയമനങ്ങൾ വേഗത്തിലാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. യോഗ്യരായ ഇമിറാത്തികളെ കണ്ടെത്തുന്നതിന് 'നാഫിസ്' (Nafis) പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താവുന്നതാണ്. വ്യാജ സ്വദേശിവത്കരണത്തിലൂടെ നിയമത്തെ മറികടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ കോൾ സെന്റർ വഴിയോ സ്മാർട്ട് ആപ്പ് വഴിയോ പൊതുജനങ്ങൾക്ക് വിവരം അറിയിക്കാം. ഡിജിറ്റൽ ഫീൽഡ് മോണിറ്ററിങ് സംവിധാനത്തിലൂടെയും മന്ത്രാലയം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം സ്വദേശിവത്കരണ പദ്ധതി 2040 വരെ നീട്ടിയതായി ഈ മാസമാദ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കായി കുട്ടികളുടെ അലവൻസ് ഉൾപ്പെടെയുള്ള കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നാഫിസ് പദ്ധതി നിലവിൽ വന്നതിന് ശേഷം ഇതുവരെ 1,76,000-ലേറെ സ്വദേശി പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.