അമീറിന്റെ കാരുണ്യം; കുവൈത്തിൽ 539 തടവുകാർക്ക് പൊതുമാപ്പ്
മാനുഷിക പരിഗണന മുൻനിർത്തി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഉത്തരവ് പ്രകാരം 539 തടവുകാർക്ക് പൊതുമാപ്പ് നൽകി. തടവുകാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സമൂഹത്തിന്റെ ഭാഗമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.
മാപ്പുനൽകിയവരിൽ ചിലരെ ഉടനടി മോചിപ്പിച്ചതായും മറ്റുള്ളവരുടെ ശിക്ഷാ കാലാവധി കുറച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അർഹരായ തടവുകാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യമായ എല്ലാ നിയമപരവും ഭരണപരവുമായ നടപടികൾ മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പൂർത്തിയാക്കിയതായി സ്പെഷ്യൽ സെക്യൂരിറ്റി അഫയേഴ്‌സ് ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടർ വ്യക്തമാക്കി.
തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച രീതിയിൽ ജീവിതം പുനരാരംഭിക്കാനും നിയമങ്ങൾ പാലിച്ചുകൊണ്ട് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനും ഈ അവസരം സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.