പതിനഞ്ചാമത് ഒമാൻ പ്രവാസി സാഹിത്യോത്സവ് ഇന്ന്; ബൗഷറിൽ എട്ടു വേദികളിലായി കലാപോരാട്ടം
കലാലയം സാംസ്കാരിക വേദിയുടെ പതിനഞ്ചാമത് ഒമാൻ പ്രവാസി സാഹിത്യോത്സവ് ഇന്ന് ബൗഷറിലെ ബാങ്കിങ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് ക്യാമ്പസിൽ നടക്കും. രാവിലെ എട്ടു മണിക്ക് മത്സരങ്ങൾ ആരംഭിക്കും. രാത്രി നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് കേരള ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സാഹിത്യ പ്രഭാഷണം നടത്തും.
സലാല, നിസ്‌വ, സുഹാർ തുടങ്ങി ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 സോണുകളിൽ നിന്നായി നാനൂറോളം മത്സരാർത്ഥികളാണ് ദേശീയ തലത്തിൽ മാറ്റുരയ്ക്കുന്നത്. ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി എട്ട് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം ആസ്വാദകർ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
പ്രവാസി വിദ്യാർത്ഥികളിലെയും യുവജനങ്ങളിലെയും കലോപാസകരെ കണ്ടെത്തി അവർക്ക് പരിശീലനവും വേദിയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കലാലയം സാംസ്കാരിക വേദി സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. അബ്ദുൽ ലത്തീഫ് (ബദ്ർ അൽ സമ), ഷബീർ കെ.എ (ലുലു ഇന്റർനാഷണൽ) തുടങ്ങി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.