ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന കുവൈത്ത് തീർത്ഥാടകരുടെ ആദ്യ സംഘം ഇന്നെത്തും

 

വിശുദ്ധ ഹജ്ജ് കർമ്മം വിജയകരമായി പൂർത്തിയാക്കി മടങ്ങുന്ന കുവൈത്തി തീർത്ഥാടകരുമായുള്ള ആദ്യ വിമാനങ്ങൾ ഇന്ന് (ശനിയാഴ്ച) മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിത്തുടങ്ങും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച വരെയാണ് തീർത്ഥാടകരെ എത്തിച്ചുകൊണ്ടുള്ള പ്രത്യേക മടക്ക സർവീസുകൾ തുടരുക.

തീർത്ഥാടകരുമായുള്ള ആദ്യ മടക്കവിമാനം ഇന്ന് ഉച്ചയ്ക്ക് 2:15-ഓടെ കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ ലാൻഡ് ചെയ്യുമെന്നാണ് ഔദ്യോഗിക വിവരം. ഞായറാഴ്ച രാത്രി 9:00 മണിയോടെ അവസാന വിമാനവും തീർത്ഥാടകരുമായി കുവൈത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുവൈത്തിലെ വിവിധ ഹജ്ജ് ഗ്രൂപ്പുകൾ, സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികൾ, കുവൈത്തിലെ വിവിധ സർക്കാർ ഏജൻസികൾ എന്നിവരുമായി കൃത്യമായി ഏകോപിപ്പിച്ചാണ് ഹാജിമാർക്കായുള്ള വിപുലമായ മടക്കയാത്രാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. കുവൈത്ത് എയർവേസ്, സൗദി അറേബ്യൻ എയർലൈൻസ്, ഫ്ലൈനാസ് എന്നീ പ്രമുഖ വിമാനക്കമ്പനികളാണ് തീർത്ഥാടകർക്കായി സർവീസുകൾ നടത്തുന്നത്. വിമാനത്താവളത്തിൽ എത്തുന്ന ഹാജിമാർക്ക് ഊഷ്മളമായ സ്വീകരണമൊരുക്കാനും ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ അതിവേഗം പൂർത്തിയാക്കാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി സഹകരിച്ച് വിമാനത്താവളത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്.