ഷാർജയിൽ ‘ദ മോട്ടോർ ഷോ’യുടെ ആദ്യ പതിപ്പ് ശനിയാഴ്ച; പ്രവേശനം സൗജന്യം

 

നൂറിലേറെ വാഹനങ്ങൾ അണിനിരക്കുന്ന ആദ്യ പതിപ്പ് 'ദ മോട്ടോർ ഷോ-ഷാർജ' പരമ്പരയ്ക്ക് ഒക്ടോബർ 3 ശനിയാഴ്ച തുടക്കമാകും. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (ഷുറൂഖ്) യു.എ.ഇ കാർസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ആദ്യ പ്രദർശനം അൽ ഖസ്ബയിൽ വൈകീട്ട് 4 മുതൽ രാത്രി 9 വരെ നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.

ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള പെർഫോമൻസ് കാറുകൾ, മോഡിഫൈഡ്, ക്ലാസിക്, മസിൽ, ഓഫ് റോഡ് വാഹനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന വാഹന മോഡലുകൾ മേളയിൽ അണിനിരക്കും. തത്സമയ സംഗീതം, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ, ഭക്ഷണശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അൽ ഖസ്ബയ്ക്ക് പുറമെ നവംബർ 14-ന് അൽ ഹീറ ബീച്ച്, ഡിസംബർ 12-ന് അൽ മജാസ് വാട്ടർഫ്രണ്ട്, 2027 ജനുവരി 16-ന് ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിലും തുടർ പ്രദർശനങ്ങൾ നടക്കും.