ആദ്യ പരീക്ഷണ പറക്കൽ വിജയം; റിയാദ് എയറിന്റെ ബോയിങ് 787-9 ഡ്രീംലൈനർ ഉടൻ എത്തും
സൗദി അറേബ്യയുടെ പുത്തൻ വിമാനക്കമ്പനിയായ റിയാദ് എയർ (Riyadh Air) തങ്ങളുടെ ആദ്യ ബോയിങ് 787-9 ഡ്രീംലൈനർ ഏറ്റുവാങ്ങാൻ ഒരുങ്ങുന്നു. വിമാനം കൈമാറുന്നതിന് മുന്നോടിയായുള്ള നിർണ്ണായകമായ 'ബി വൺ' (B-1) പരീക്ഷണ പറക്കൽ അമേരിക്കയിൽ വിജയകരമായി പൂർത്തിയാക്കി. ബോയിങ് കമ്പനിയുടെ പൈലറ്റുമാരാണ് ഈ പരീക്ഷണത്തിന് നേതൃത്വം നൽകിയത്.
സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ബോയിങ് നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. വിമാനത്തിന്റെ എൻജിൻ പ്രകടനം, ആധുനിക സംവിധാനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ വിലയിരുത്തുന്ന സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമായിരുന്നു ഈ പറക്കൽ. ഡെലിവറിക്ക് മുൻപായുള്ള എല്ലാ സാങ്കേതിക പരിശോധനകളും യുഎസിൽ വെച്ച് തന്നെ പൂർത്തിയാക്കും.
ബോയിങ്ങിന്റെ പരീക്ഷണങ്ങൾക്കും റെഗുലേറ്ററി അംഗീകാരങ്ങൾക്കും ശേഷം റിയാദ് എയറിന്റെ സ്വന്തം പൈലറ്റുമാർ വിമാനം പറത്തി പരിശോധിക്കും. ഇതിനുശേഷമായിരിക്കും ഔദ്യോഗികമായി വിമാനം കൈമാറുക. ആഗോള വ്യോമയാന മേഖലയിൽ വലിയ കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന റിയാദ് എയർ, ദീർഘദൂര സർവീസുകൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 787-9 ഡ്രീംലൈനറുകൾക്കാണ് വലിയ തോതിൽ ഓർഡർ നൽകിയിരിക്കുന്നത്. 2025-ഓടെ സർവീസുകൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.