ദുബായിൽ നിന്ന് പോയ വിമാനം ഹൈജാക്ക് ചെയ്തിട്ടില്ല; സൗദിയിൽ അടിയന്തരമായി ഇറക്കി, യാത്രക്കാർ സുരക്ഷിതരെന്ന് ഫ്ലൈ ദുബായ്
ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനം സാങ്കേതിക കാരണങ്ങളാൽ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെൻ ഗുറിയൻ എയർപോർട്ടിലേക്ക് പറന്ന എഫ് ഇസെഡ് 1073 (FZ 1073) വിമാനമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈ ദുബായ് വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
അതേസമയം, വിമാനം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന (ഹൈജാക്ക്) തെറ്റായ അപായ സൂചനകൾ ട്രാൻസ്മിറ്റ് ചെയ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നതെന്നാണ് സൂചന. കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ഹൈജാക്ക് കോഡ് സന്ദേശം തെറ്റായി നൽകിയതെന്ന് ചില ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ വിമാനത്തിനുള്ളിൽ ഉണ്ടായ സാഹചര്യത്തിന്റെ യഥാർത്ഥ വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ വ്യോമയാന അധികൃതരുമായി ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫ്ലൈ ദുബായ് വ്യക്തമാക്കി.