ഗൾഫ് കപ്പിന് ജിദ്ദയിൽ നാളെ തുടക്കമാകും; എട്ട് രാജ്യങ്ങൾ കിരീടപ്പോരാട്ടത്തിന്

 

സൗദി അറേബ്യയിലെ ജിദ്ദയിൽ ഗൾഫ് മേഖലയുടെ ആവേശ ഫുട്ബോൾ മാമാങ്കമായ ഗൾഫ് കപ്പിന് നാളെ തുടക്കമാകും. ആതിഥേയരായ സൗദി അറേബ്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാടുന്നത്. മത്സരങ്ങൾ കാണുന്നതിനുള്ള ടിക്കറ്റുകൾ 22 റിയാൽ മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

'അഹ്‌ലൻ ബിൽ ഖലീജ്' (ഗൾഫ് സഹോദരങ്ങൾക്ക് സ്വാഗതം) എന്ന ഗൾഫ് സഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതുന്നതാണ് ടൂർണമെന്റിന്റെ ഔദ്യോഗിക തീം സോങ്. നാളെ വൈകീട്ട് 5.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇറാഖും ഒമാനും തമ്മിൽ ഏറ്റുമുട്ടും. രാത്രി ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗദി അറേബ്യ കുവൈത്തിനെ നേരിടും.

മത്സരങ്ങൾ ഒക്ടോബർ 6 വരെ നീണ്ടുനിൽക്കും. ഗ്രൂപ്പ് എയിൽ സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഒമാൻ എന്നീ ടീമുകളും, ഗ്രൂപ്പ് ബിയിൽ യു.എ.ഇ., ഖത്തർ, ബഹ്റൈൻ, യെമൻ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. ജിദ്ദയിലെ അലിൻമാ സ്റ്റേഡിയവും പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്റ്റേഡിയവുമാണ് പ്രധാന മത്സരവേദികൾ. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലും കായികരംഗത്തിലൂടെയും സൗഹൃദ സംഗമത്തിലൂടെയും ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്ന വേദിയായി ജിദ്ദ മാറും.