ഇറാൻ - ഇസ്രായേൽ യുദ്ധം; യുഎഇ വ്യോമപാത ഭാഗികമായി അടച്ചു; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

 

പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ, മുൻകരുതൽ നടപടിയായി യുഎഇ വ്യോമപാത ഭാഗികമായി അടച്ചു. രാജ്യത്തെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് (GCAA) ഇക്കാര്യം അറിയിച്ചത്. വിമാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമാണ് ഈ അസാധാരണ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു.

വ്യോമപാത ഭാഗികമായി അടച്ചതോടെ നിരവധി വിമാനങ്ങൾ വൈകാനും റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. യാത്രക്കാർ വിമാന സമയക്രമത്തിലെ മാറ്റങ്ങൾ അറിയാൻ അതത് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണം. വിമാനങ്ങൾ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും എയർലൈനുകളും പ്രാദേശിക അധികൃതരും ചേർന്ന് ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും പൊതുജനങ്ങളോട് ജിസിഎഎ അഭ്യർത്ഥിച്ചു. ഇസ്രായേലിനും അമേരിക്കയ്ക്കും നേരെ ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ, മേഖലയിലെ മറ്റ് രാജ്യങ്ങളായ ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നിവയും വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.