വർഷത്തിലെ നീളമേറിയ പകൽ; ഒമാനിൽ 'സമ്മർ സോൾസ്റ്റിസ്' ജൂൺ 21-ന്

 

ഒമാൻ ഉൾപ്പെടെയുള്ള ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും കുറഞ്ഞ രാത്രിയും അനുഭവപ്പെടുന്ന 'സമ്മർ സോൾസ്റ്റിസ്' പ്രതിഭാസം ജൂൺ 21 ഞായറാഴ്ച സംഭവിക്കും. ഇതോടെ ഒമാനിൽ ജ്യോതിശാസ്ത്രപരമായ വേനൽക്കാലത്തിന് ഔദ്യോഗികമായി തുടക്കമാകും. ഏകദേശം 93 ദിവസവും 15 മണിക്കൂറും 40 മിനിറ്റും ഈ വേനൽക്കാലം നീണ്ടുനിൽക്കും. ഒമാൻ സമയം ജൂൺ 21 ഉച്ചയ്ക്ക് 12:24-നാണ് ഈ പ്രതിഭാസം കൃത്യമായി സംഭവിക്കുകയെന്ന് ഒമാനി സൊസൈറ്റി ഫോർ ആസ്‌ട്രോണമി ആന്റ് സ്‌പേസ് പ്രതിനിധി അബ്ദുൽ അസീസ് ബിൻ സൗദ് അൽ നാബി അറിയിച്ചു.

ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം സൂര്യരശ്മികൾ ഉത്തരായന രേഖയ്ക്ക് നേരെ മുകളിലായി പതിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. ഞായറാഴ്ച മസ്കത്തിൽ രാവിലെ 5:20-ന് സൂര്യനുദിക്കുകയും വൈകുന്നേരം 6:56-ന് അസ്തമിക്കുകയും ചെയ്യും. ഇതോടെ പകലിന്റെ ദൈർഘ്യം 13 മണിക്കൂറും 35 മിനിറ്റും 33 സെക്കൻഡുമായി മാറും. ഉച്ചയ്ക്ക് 12:08-ഓടെ സൂര്യൻ ആകാശത്തിന്റെ ഏറ്റവും ഉയർന്ന ബിന്ദുവിൽ എത്തുന്നതോടെ, ഉത്തരായന രേഖ കടന്നുപോകുന്ന ഒമാനിലെ പ്രദേശങ്ങളിൽ വസ്തുക്കളുടെ നിഴലുകൾ പൂർണ്ണമായി അപ്രത്യക്ഷമാകും.

ഈ ദിവസത്തിന് ശേഷം പകലിന്റെ ദൈർഘ്യം പടിപടിയായി കുറഞ്ഞു തുടങ്ങുകയും സെപ്റ്റംബർ 23-ഓടെ രാത്രിയും പകലും തുല്യമാകുന്ന ശരത്കാലത്തിലേക്ക് മാറുകയും ചെയ്യും. ജ്യോതിശാസ്ത്രപരമായി ദോഫാറിലെ പ്രശസ്തമായ 'ഖരീഫ്' കാലവർഷ സീസൺ ആരംഭിക്കുന്നതും ഇതേ ദിവസമാണ്. മൺസൂൺ കാറ്റിന്റെ സ്വാധീനത്താൽ ദോഫാർ പ്രവിശ്യയിലെ തീരപ്രദേശങ്ങളിൽ ഇതോടെ പച്ചപ്പും തണുപ്പും നിറഞ്ഞ മനോഹരമായ കാലാവസ്ഥയ്ക്ക് തുടക്കമാകും.