മാധ്യമ വിപ്ലവകാരി വിടവാങ്ങി; സിഎൻഎൻ സ്ഥാപകൻ ടെഡ് ടർണർ അന്തരിച്ചു

 

ആഗോള വാർത്താ സംപ്രേഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന മാധ്യമ ഭീമനും സിഎൻഎൻ (CNN) സ്ഥാപകനുമായ ടെഡ് ടർണർ (87) അന്തരിച്ചു. ടർണർ എന്റർപ്രൈസസ് ആണ് അദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലോകത്തിന്റെ ഏത് കോണിലും വാർത്തകൾ തത്സമയം എത്തിക്കുക എന്ന ലക്ഷ്യത്തോടെ 24 മണിക്കൂർ വാർത്താ ചാനൽ എന്ന ആശയം യാഥാർത്ഥ്യമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം.

1980 ജൂൺ ഒന്നിനാണ് ലോകത്തിലെ ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലായ സിഎൻഎന്നിന് അദ്ദേഹം തുടക്കം കുറിച്ചത്. തുടക്കത്തിൽ പരിഹാസങ്ങൾ നേരിട്ടെങ്കിലും 1990-ലെ ഗൾഫ് യുദ്ധത്തിന്റെ തത്സമയ സംപ്രേഷണത്തിലൂടെ സിഎൻഎൻ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വാർത്താ ചാനലുകൾക്ക് പുറമെ കാർട്ടൂൺ നെറ്റ്‌വർക്ക്, ടിഎൻടി, ടിസിഎം തുടങ്ങിയ പ്രശസ്തമായ വിനോദ ചാനലുകളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

തന്റെ 24-ാം വയസ്സിൽ പിതാവിന്റെ ബിൽബോർഡ് പരസ്യ കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ടെഡ് ടർണർ മാധ്യമരംഗത്തേക്ക് കടന്നുവരുന്നത്. മാധ്യമ ലോകത്തിന് പുറമെ വലിയൊരു പരിസ്ഥിതി സ്നേഹിയും മനുഷ്യസ്‌നേഹിയും കൂടിയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിനായി ടർണർ ഫൗണ്ടേഷൻ സ്ഥാപിച്ച അദ്ദേഹം, വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനായി വനങ്ങൾ വെച്ചുപിടിപ്പിക്കാനും മുൻകൈ എടുത്തു. 1991-ൽ ടൈം മാഗസിൻ അദ്ദേഹത്തെ 'മാൻ ഓഫ് ദ ഇയർ' ആയി തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലൂയി ബോഡി ഡിമെൻഷ്യ എന്ന മസ്തിഷ്ക രോഗബാധിതനായിരുന്നു അദ്ദേഹം.