ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് വിനോദസഞ്ചാര വകുപ്പ്

 

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് സന്ദർശനത്തിനായി ക്ഷണിക്കുന്ന സ്വദേശികൾക്കും പ്രവാസികൾക്കും ആകർഷകമായ സമ്മാനങ്ങൾ പ്രഖ്യാപിച്ച് ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് (DET). 'എ ദുബായ് ഇൻവൈറ്റ്' (A Dubai Invite) എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയിലൂടെ 3,000 ദിർഹം വരെ മൂല്യമുള്ള ഹോട്ടൽ സ്റ്റേ വൗച്ചറുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് സ്വന്തമാക്കാൻ അവസരമുള്ളത്.

ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ സന്ദർശകരെ കൊണ്ടുവരുന്നവർക്കാണ് സമ്മാനങ്ങൾക്ക് അർഹതയുണ്ടാവുക. യു.എ.ഐയിൽ റെസിഡന്റ് വിസയുള്ള പ്രവാസികൾക്കും യു.എ.ഐ പൗരന്മാർക്കും പദ്ധതിയുടെ ഭാഗമാകാം. സന്ദർശകർ ദുബായിൽ എത്തുന്നതിന് മുൻപായി visitdubai.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷകന്റെ എമിറേറ്റ്‌സ് ഐ.ഡി വിവരങ്ങളും സന്ദർശകരുടെ വിവരങ്ങളും നൽകി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് നോമിനേറ്റ് ചെയ്യണം. നോമിനേറ്റ് ചെയ്ത സന്ദർശകർ ദുബായിൽ എത്തിച്ചേരുന്നതോടെ അപേക്ഷകർ സമ്മാനത്തിന് അർഹരാകും.

സന്ദർശകർ സന്ദർശക വിസയിലോ (Visit Visa) അല്ലെങ്കിൽ ഓൺ അറൈവൽ വിസയിലോ ഉള്ളവരായിരിക്കണം. മുൻപ് യു.എ.ഇ റെസിഡന്റ് വിസ ഉണ്ടായിരുന്നവരെ ഈ പദ്ധതിക്കായി പരിഗണിക്കില്ല. കൂടാതെ, ഒരേ സന്ദർശകന്റെ വിവരങ്ങൾ രണ്ട് അപേക്ഷകർ സമർപ്പിക്കാനും പാടില്ല. വിമാന മാർഗ്ഗമോ കപ്പൽ മാർഗ്ഗമോ റോഡ് മാർഗ്ഗമോ ദുബായിലേക്ക് എത്തുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. യോഗ്യരായ അപേക്ഷകർക്ക് ഓഗസ്റ്റ് മാസം മുതൽ സമ്മാന വൗച്ചറുകൾ ഇമെയിൽ വഴി ലഭ്യമായിത്തുടങ്ങും. ലഭിക്കുന്ന വൗച്ചറുകൾ ഡിസംബർ 31 വരെ ഉപയോഗപ്പെടുത്താവുന്നതാണ്.