മിറക്കിൾ ഗാർഡൻ ഈ മാസം 31-ന് അടയ്ക്കും; സ്വദേശികൾക്കും താമസക്കാർക്കും വൻ ഇളവുകൾ പ്രഖ്യാപിച്ചു

 

ലക്ഷക്കണക്കിന് പൂക്കൾകൊണ്ട് ലോകവിസ്മയം തീർക്കുന്ന ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് മിറക്കിൾ ഗാർഡന്റെ പതിനാലാമത് സീസൺ ഈ മാസം 31-ഓടെ സമാപിക്കും. കടുത്ത വേനൽക്കാല അവധിക്കായി പാർക്ക് അടയ്ക്കുന്നതിന് മുൻപായി പ്രകൃതിയുടെ ഈ ദൃശ്യവിരുന്ന് നേരിട്ട് ആസ്വദിക്കാൻ സന്ദർശകർക്ക് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്.

അടുത്ത സീസണായുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി ജൂൺ ഒന്നു മുതൽ പാർക്ക് താൽക്കാലികമായി അടച്ചിടും. സമാപനത്തോടനുബന്ധിച്ചുള്ള ഈ അവസാന ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശകർക്ക് പാർക്കിലേക്ക് പ്രവേശനമുണ്ടായിരിക്കും.

ബലിപെരുന്നാൾ പ്രമാണിച്ച് ആകർഷകമായ ഓഫറുകൾ

വരാനിരിക്കുന്ന ബലിപെരുന്നാൾ അവധി പ്രമാണിച്ച് യുഎഇ സ്വദേശികൾക്കും യുഎഇയിലെ വിദേശ താമസക്കാർക്കുമായി വൻ ഇളവുകളാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. ഔദ്യോഗിക എമിറേറ്റ്സ് ഐഡി ഹാജരാക്കുന്ന മുതിർന്നവർക്ക് 30 ദിർഹം നിരക്കിൽ പാർക്കിൽ പ്രവേശിക്കാം. കൂടാതെ, കുടുംബങ്ങളായെത്തുന്നവർക്ക് വലിയ ആശ്വാസമായി 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് ഈ ഉത്സവകാലത്ത് പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന മിറക്കിൾ ഗാർഡന്റെ പതിനാലാം പതിപ്പ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാ സന്ദർശകർക്കും സിറ്റി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് സഹീർ ഹമ്മാദിഹ് പ്രത്യേക നന്ദി രേഖപ്പെടുത്തി. കടുത്ത വേനലിന് ശേഷം കൂടുതൽ ആകർഷണങ്ങളോടെയും അമ്പരപ്പിക്കുന്ന പുതുമകളോടെയും അടുത്ത പതിനഞ്ചാം പതിപ്പിൽ സന്ദർശകരെ വീണ്ടും സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.